ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ കുറുമ്പ്രനാട് താലൂക്കില്‍ വല്ലഭന് ചാത്തന് എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പില്‍ നായരുടെയും, ഗോദെരാമന് എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിന് കീഴില്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം. വയനാട് വരെ വ്യാപിച്ചുകിടന്നിരുന്ന ഈ പ്രദേശമാണ് ചരിത്രത്താളുകളില്‍ കൂത്താളി എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്. ഭൂപ്രദേശത്തിന്റെ വിസ്തൃതിയില്‍ ഏതാണ്ട് 40 ശതമാനത്തോളം വരുന്ന വയലുകളില്‍ കന്നി, മകരം മാസങ്ങളില്‍ നെല്‍കൃഷി ചെയ്തിരുന്നു. പറമ്പുകളിലും കന്നികൃഷി (മോടന്‍) നടത്തിയിരുന്നു. തെങ്ങും, കവുങ്ങും, കുരുമുളകും, കപ്പയും, വാഴയും, മറ്റു ഇടവിള കൃഷികളും നടത്തിയിരുന്നു. വിളകളുടെ അടിസ്ഥാനത്തില്‍ ഭൂമി നഞ്ച, പുഞ്ച, തോട്ടം എന്നീ നിലകളില്‍ തരംതിരിച്ചിരുന്നു. വിളയുടെ അടിസ്ഥാനത്തിലായിരുന്നു നികുതി. മരുമക്കത്തായം അനുവര്‍ത്തിച്ചിരുന്ന നാടുവാഴി കുടുംബത്തിലെ ഒടുവിലത്തെ നാടുവാഴിയായ വല്ലഭന് ചാത്തന് എന്ന കൂത്താളി മൂപ്പില്‍ നായര്‍ അന്തരിച്ചതോടെ അവകാശികളില്ലാതായ സ്വത്തുക്കള്‍ “അവകാശികളില്ലാത്ത സ്വത്ത് കണ്ടുകെട്ടുന്ന അറ്റാലടക്കം എന്ന നിയമപ്രകാരം” 1932-ല്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയുണ്ടായി. നാടുവാഴികളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ തമിഴ്ബ്രാഹ്മണസമൂഹത്തില് ചെന്നവസാനിക്കുന്നു. കോവിലകം, കൊട്ടാരം എന്നിങ്ങനെ നാടുവാഴികളുടെ ആസ്ഥാനം വിശേഷിപ്പിക്കപ്പെടുമ്പോള്‍ കൂത്താളിയിലെ നാടുവാഴിയുടെ ആസ്ഥാനം “മഠം” എന്നറിയപ്പെടുന്നത് അതുകൊണ്ടായിരിക്കാം. ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമങ്ങള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചു. നാടുവാഴിയുടെ നായാട്ടാഘോഷത്തിനു ശേഷം കാടുകയറി പുനംകൃഷിക്കുള്ള സ്ഥലം കണ്ടെത്തുകയും കൃഷി നടത്തുകയും ചെയ്യുന്നതിനു സാധാരണക്കാര്‍ക്കുണ്ടായിരുന്ന അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍, അത് പ്രത്യക്ഷമായ സമരരൂപം കൈക്കൊണ്ടു. അയിത്തോച്ചാടന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടെ നടന്ന നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ കീഴാളരുടെ ആത്മബോധത്തെയും സംഘബലത്തെയും ഉണര്ത്തിയെടുത്തു. അധികാരത്തിന്റെ ആചാരമര്യാദകള്‍ കനിഞ്ഞുനല്കിയ ഔദാര്യങ്ങള്‍ക്കു പകരം, സ്വാഭിമാനത്തിലും മാനുഷികതയിലുമൂന്നിയ ഇടപെടലുകള്‍ക്കു തുടക്കം കുറിക്കാന്‍ ആധുനിക വിദ്യാഭ്യാസം സഹായിച്ചു. അങ്ങനെ സമൂഹം പുതിയ പന്ഥാവുകള്‍ കണ്ടെത്തിത്തുടങ്ങി. പ്രാചീനകലകള്ക്ക് പ്രശംസനീയമായ പ്രോത്സാഹനം ലഭിച്ച കാലഘട്ടമായിരുന്നു നാടുവാഴികളുടേത്. കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളില്‍ നിന്നു ആവിര്ഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടെങ്കിലും “കൂത്താളി”യില്‍ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം കൈത്തൊഴിലുകാരും അധിവസിച്ചിരുന്നു. ജാതിയടിസ്ഥാനമാക്കിയുള്ള തൊഴില്‍ വിഭജനമാണ് അന്നുണ്ടായിരുന്നത്. നാടുവാഴിത്തത്തിന്റെ കീഴില്‍ സ്വാഭാവികമായും ഉണ്ടാവുന്ന എല്ലാ ദുഷിച്ച സമ്പ്രദായങ്ങളും ഇവിടെ നിലനിന്നിരുന്നു. അയിത്തം വളരെ ശക്തമായിരുന്നു. നാടുവാഴിത്തത്തിന്റ കടുത്ത വിലക്കുകള്ക്കുള്ളിലും ദേശീയ പ്രസ്ഥാനത്തിന്റെ ചലനങ്ങള്‍ ഇവിടെയും ഉയര്‍ന്നു വന്നു. പരേതരായ ആരാക്കണ്ടി നാരായണന്‍നായര്‍, ടി.വി.ഉണ്ണിക്കുട്ടന്നായര്, കൂത്താളി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ.കൃഷ്ണന്‍നായര്‍ എന്നിവരായിരുന്നു ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. കൂത്താളിയില്‍ ആദ്യത്തെ ഗ്രന്ഥശാലയും വായനശാലയും സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തത് നാരായണന് നായരായിരുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിജന്വിദ്യാര്ത്ഥികളെ സ്കൂളിലയക്കാനും മറ്റുമുള്ള പരിശ്രമങ്ങള്‍ നടത്തിയതിന് കൃഷ്ണന് നായര്‍ക്ക് കൂത്താളി സ്കൂളിലെ ജോലി നഷ്ടപ്പെടുകയുണ്ടായി. കൂത്താളി എസ്റ്റേറ്റിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ കര്‍ഷകര്‍ കാലാകാലമായി നടത്തിയിരുന്ന പുനംകൃഷി സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ചരിത്ര പ്രസിദ്ധമായ കൂത്താളി സമരമായി വളര്‍ന്നുവന്നത്. നാട്ടാശന്മാര് നടത്തിയിരുന്ന എഴുത്തുപള്ളികളായിരുന്നു ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1930-കളിലാണ് ആദ്യത്തെ എലിമെന്ററി സ്കൂള്‍ കൂത്താളിയില്‍ സ്ഥാപിക്കപ്പെടുന്നത്. കൂത്താളിയില്‍ നിന്നു കോഴിക്കോട്ടേക്കു കരുവോത്ത് കുഞ്ഞി കൃഷ്ണന്‍നമ്പ്യാരുടെ വക സി.സി.മോട്ടോര്‍സ് (ചെറുവത്ത് ചെറുവട്ടാട്ട് എന്നതിന്റെ ചുരുക്കം) എന്ന ആദ്യബസ്സ് ഓടിയത് 1940-കളുടെ പകുതിയോടെയാണ്. കല്പകശേരി പൊയിലില്‍ (പൈതോത്ത്) പി.കെ.വൈദ്യരുടെ വൈദ്യശാല കേന്ദ്രീകരിച്ചാണ് കൂത്താളിയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്. യു.കെ.പണിക്കര്‍, എടക്കോടത്ത് കുഞ്ഞിരാമന്‍നായര്‍, ചെറുക്കാക്കര കുമാരന്‍വൈദ്യര്‍, പി.കെ.വൈദ്യര് എന്നിവരായിരുന്നു അക്കാലത്ത് പ്രസ്തുത പ്രസ്ഥാനങ്ങളുടെ പ്രമുഖപ്രവര്‍ത്തകര്‍. കേരളത്തിന്റെ ധനകാര്യവകുപ്പു മന്ത്രിയും പി.എസ്.സി ചെയര്‍മാനുമായിരുന്ന ഡോ.കെ.ജി.അടിയോടി കൂത്താളിയുടെ യശ്ശസുയര്‍ത്തിയ വ്യക്തിയാണ്. ഒളിംമ്പിക്സ് താരമായ പി.ടി.ഉഷ ജന്മംകൊണ്ട് കൂത്താളി സ്വദേശിനിയാണ്. ആയുര്‍വേദ ചികിത്സാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഒട്ടേറെ പ്രശസ്തരായ വൈദ്യന്മാര്ക്കും കൂത്താളി ജന്മം നല്‍കിയിട്ടുണ്ട്. നടുവിലകണ്ടി ചാപ്പന്നമ്പ്യാര്, ചെറുക്കാക്കര കുമാരന്‍വൈദ്യര്‍, സി.വി.ചെക്കോട്ടിവൈദ്യര്, സി.വി.കേളപ്പന്വൈദ്യര്, കെ.പി.ചാപ്പന് വൈദ്യര് എന്നിവര്‍ ആയുര്‍വേദ രംഗത്തും, പി.സി.കുഞ്ഞികൃഷ്ണന്‍നായര്‍, ഒ.സി.ഗോപാലന് നായര്‍ എന്നിവര്‍ വിഷചികിത്സാരംഗത്തും നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇന്ന് ആയുര്‍വേദ ചികിത്സ അലോപ്പതിക്ക് വഴിമാറിയിരിക്കുകയാണ്. സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത വ്യവസായ സ്ഥാപനമാണ് 1953-ല്‍ സ്ഥാപിതമായ കൂത്താളി നെയ്ത്തു സഹകരണസംഘം. നഗരവല്‍ക്കരണം വ്യാപകമാവുകയും, കമ്പോളങ്ങള്‍ സജീവമാകുകയും, ഗതാഗതരംഗത്തും മറ്റു സാങ്കേതികരംഗങ്ങളിലും അഭൂതപൂര്‍വ്വമായ പുരോഗതിയുണ്ടാവുകയും ചെയ്തതോടെ ജീവിതനിലവാരവും മെച്ചപ്പെട്ടുവെന്നു പറയാം.
വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രം
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ നാട്ടാശാന്മാരുടെ കീഴിലുള്ള കുടിപള്ളിക്കൂടങ്ങളും, അവയ്ക്കു പുറമേ ഏകാധ്യാപക വിദ്യാലയങ്ങളും, എലിമെന്ററി സ്കൂളുകളും ഉണ്ടായിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ കല്ലോട് ജി.എല്‍.പി.സ്കൂള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്കൂളായ കൂത്താളി ഹൈസ്കൂള്‍ സ്ഥാപിതമായത് 1983-ലാണ്. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി ട്യൂട്ടോറിയല്‍ കോളേജുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ സാങ്കേതിക വിദ്യാഭ്യാസത്തിനും ഉയര്‍ന്ന പഠനത്തിനും സമീപ പട്ടണങ്ങളായ പേരാമ്പ്ര, കൊയിലാണ്ടി, വടകര, കോഴിക്കോട് എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. വളരെ പ്രാചീനമായ ഒരു സംസ്ക്കാരത്തിന്റെ പിന്തുടര്ച്ച അവകാശപ്പെടാവുന്ന പ്രദേശമാണ് കൂത്താളി. മഹാശിലായുഗത്തിന്റെ സ്മാരകങ്ങളായി ഇന്നും നിലനില്‍ക്കുന്ന കുടക്കല്ലുകള്‍ ഇത് സ്പഷ്ടമാക്കുന്നു. അന്നത്തെ ജനജീവിതത്തെക്കുറിച്ചും, സാമൂഹ്യ ആചര്യാക്രമങ്ങളെക്കുറിച്ചും ഇവിടെ നിന്നു കണ്ടെത്തിയ പ്രാചീനാവശിഷ്ടങ്ങള്‍ സൂചന നല്കുന്നു. കാലാകാലങ്ങളിലൂടെ അനവധി പരിണാമങ്ങളിലൂടെ ആദിമസംസ്ക്കാരം ക്രമേണ നാടുവാഴിത്തത്തിലേക്കും തുടര്‍ന്ന് നഗരവല്‍ക്കരണത്തിലേക്കും വളര്ന്നത്തുകയായിരുന്നു. നാടുവാഴികളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ തമിഴ്ബ്രാഹ്മണസമൂഹത്തില് ചെന്നവസാനിക്കുന്നു. കോവിലകം, കൊട്ടാരം എന്നിങ്ങനെ നാടുവാഴികളുടെ ആസ്ഥാനം വിശേഷിപ്പിക്കപ്പെടുമ്പോള്‍ കൂത്താളിയിലെ നാടുവാഴിയുടെ ആസ്ഥാനം “മഠം” എന്നറിയപ്പെടുന്നത് അതുകൊണ്ടായിരിക്കാം. പ്രാചീനകലകള്ക്ക് പ്രശംസനീയമായ പ്രോത്സാഹനം ലഭിച്ച കാലഘട്ടമായിരുന്നു നാടുവാഴികളുടേത്. കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും അതല്ല “കൂത്ത്, ആളി” എന്നീ പദങ്ങളില്‍ നിന്നു ആവിര്ഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടെങ്കിലും “കൂത്താളി”യില്‍ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു. പ്രഗത്ഭരായ ഒട്ടേറെ കഥകളികലാകാരന്മാര് ഇവിടെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ഗുരു കുഞ്ചുകുറുപ്പ്, ചേമഞ്ചരി കുഞ്ഞിരാമന് നായര്‍ എന്നിവര്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. നാടുവാഴികളുടെ പരിലാളനയേറ്റു വളര്‍ന്ന ക്ളാസിക് കലകള്‍ക്ക് സമാന്തരമായി കീഴാളരുടെ ജനകീയ കലാരൂപങ്ങളും കൂത്താളിയില്‍ സമ്പുഷ്ടമായിരുന്നു. കേരളത്തിലെ മറ്റേതൊരു നാടുവാഴി ഭരണത്തെയും പോലെ സ്വേച്ഛാധികാരവും, അധികാരികളുടെ ആഡംബരജീവിതവും അവയുടെ സാമൂഹ്യപ്രത്യാഘാതങ്ങളും സമാനമായ രീതിയില്‍ കൂത്താളിയിലും നിലനിന്നിരുന്നു. ജാതിവ്യവസ്ഥയില്‍ അടിയുറച്ച സാമൂഹ്യഘടന, അയിത്തം തുടങ്ങിയ ദുരാചാരങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങള്‍, ഭൂമിയുടെ അവകാശത്തിലൂടെ നിര്‍ണ്ണയിക്കപ്പെടുന്ന അധികാര സമ്പദ്വ്യവസ്ഥ ഇവയെ ആസ്പദമാക്കി നിലനില്‍ക്കുന്ന ചൂഷണ മര്‍ദ്ദനങ്ങളുടെ ശൃംഖല എന്നിവ ഒരു ഭാഗത്തും, ശാസ്ത്രീയ ക്ഷേത്രകലകളുടെ പോഷണം മറുഭാഗത്തും വളര്‍ന്നുവന്നു. കൂത്താളി മഠത്തോടനുബന്ധിച്ചുണ്ടായിരുന്ന നാടകശാലയില്‍ കൂത്ത്, കഥകളി, നൃത്തം തുടങ്ങിയ ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുകയും അരങ്ങേറുകയും പതിവായിരുന്നു. മഠത്തിന്റെ സവിശേഷതയായി പറയാവുന്നത് അവിടെ കുടിയിരുത്തിയിട്ടുള്ള നിഴല്ദേവത (ഛായാഭഗവതി) സങ്കല്‍പ്പമാണ്. ഇത് മറ്റു ദേവതാസങ്കല്പ്പങ്ങളില് നിന്ന് തികച്ചും വേറിട്ടുനില്ക്കുന്നു. കളിവിളക്കിന്റെ നിഴല്‍ വീഴാത്ത തൂണുകളോടു കൂടിയവയായിരുന്നു കൂത്താളിയിലെ നാടകശാല എന്നത് ഇതുമായി ബന്ധപ്പെടുത്തിയും ചിന്തിക്കാവുന്നതാണ്. കൂത്താളി എന്ന സ്ഥലനാമത്തിന്റെ ഉല്‍പ്പത്തി കൂത്താട്ടുപള്ളി (പള്ളി എന്നത് രാജകീയതയെ കുറിക്കുന്നു) എന്നത് ലോപിച്ചോ, കൂത്ത് ആളുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലോ, കൂത്തിന്റെ ആളി (ആളി=തോഴി) എന്ന അര്‍ത്ഥത്തിലോ ആവാം. ഏതായാലും ഈ നിഗമനങ്ങളെല്ലാം കൂത്താളിയുടെ കലാപാരമ്പര്യത്തില്‍ അധിഷ്ഠിതമായ സമ്പന്നമായ ഒരു സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനു സമാന്തരമായി സാധാരണ ജനങ്ങളുടെ നാടന്‍ കലകളും പുഷ്ടിപ്പെട്ടുവന്നു. തെയ്യം, തിറ, തോറ്റം, ഞാട്ടിപ്പാട്ട്, കോല്‍ക്കളിപ്പാട്ട് തുടങ്ങിയ കീഴാള അനുഷ്ഠാനകലകളും അമ്പെയ്ത്ത്, വാള്‍പയറ്റ് തുടങ്ങിയ ആയോധനകലകളും ഇവിടെ സജീവമായി നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ വരെ കൂത്താളിയുടെ ദിനരാത്രങ്ങളെ താളനിര്ഭരമാക്കിയിരുന്ന ഞാട്ടിപാട്ടുകളും പറയത്തുടി മേളങ്ങളും ഈ പാരമ്പര്യത്തിന്റെ തുടര്കണ്ണികളാണ്. ഉത്സവങ്ങള്‍ വിശ്വാസികളുടെ മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള കൂട്ടായ്മകളുടെ വാര്ഷികവേദികളാണ്. സ്ത്രീപുരുഷ ഭേദമെന്യേ കച്ചവട ആവശ്യങ്ങള്‍ക്കായി കൂടിച്ചേരുകയും സഹവര്‍ത്തിത്വവും സഹകരണവും ഊട്ടിയുറപ്പിക്കുകയും അയല്‍പ്രദേശങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നതില്‍ ഉത്സവങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വിദൂരദേശങ്ങളില്‍ പോലും പേരുകേട്ട രത്നവ്യാപാര കേന്ദ്രമായിരുന്നു പനക്കാട് ശ്രീപയ്യോര്മല ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവവേദി. പഞ്ചായത്തിലെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍ കൂത്താളി കമ്മോത്ത് വിഷ്ണു ക്ഷേത്രം, പാലയാട്ട് ശ്രീകൃഷ്ണ ക്ഷേത്രം, പുറയങ്കോട് ശിവക്ഷേത്രം, കൂത്താളി തെരുഗണപതിക്ഷേത്രം എന്നിവയാണ്. ഇവയേറെയും നൂറ്റാണ്ടുകളോളം പഴക്കമുള്ളവയാണ്. കൂളിക്കാവ്, പൈതോത്ത്കാവ്, കുടകുരുത്തി, തിടങ്ങഴിക്കല്, പുറയങ്കോട്ടുമ്മല് എന്നിവിടങ്ങളിലാണ് പ്രധാനമായും കാവുകളുള്ളത്. നാടുവാഴിഭരണത്തിന്റെ അവസാനം, ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനം, ദേശീയ നവോത്ഥാനവും ആധുനിക വിദ്യാഭ്യാസവും സൃഷ്ടിച്ച ഉണര്‍വ്വ് എന്നിങ്ങനെ പല തലങ്ങളിലായി ഉണ്ടായ മാറ്റങ്ങള്‍ കൂത്താളിയുടെ സാംസ്കാരിക ധാരയെ പരിവര്‍ത്തിപ്പിച്ചു. സമൂഹത്തിന്റെ സമസ്തമേഖലകളിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പഴയ വിശ്വാസങ്ങള്‍ പലതും തിരസ്ക്കരിക്കപ്പെട്ടു. ഉത്സവാഘോഷങ്ങള്‍ക്കു പ്രാധാന്യം കുറയുകയും കച്ചവടാവശ്യങ്ങള്‍ എപ്പോഴും നിറവേറ്റാമെന്നു വരികയും ചെയ്തു. വേഷത്തിലും പാര്പ്പിടനിര്മ്മാണത്തിലും ആഹാരരീതികളില്‍ പോലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതോടൊപ്പം സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സംഘങ്ങളും സംഘടനകളും നിലവില്‍ വന്നു. എഴുപതുകളില്‍ ഫ്രന്റ്സ് ആര്‍ട്സ് തിയേറ്റേഴ്സ് എന്ന സ്ഥാപനം കലാരംഗത്ത് സജീവമാകുകയും അനവധി കലാകാരന്മാര്ക്ക് വളരാനുള്ള വേദിയൊരുക്കുകയും ചെയ്തു. അമച്ച്വര്‍ നാടകരംഗത്ത് പലനേട്ടങ്ങളും കൈവരിക്കാന്‍ കൂത്താളിക്ക് ഇതുപകരിച്ചു. എന്നാല്‍ കൂത്താളിയുടെ സാംസ്കാരിക പാരമ്പര്യത്തെ ആവാഹിച്ചത് കായികരംഗത്തുള്ള അതിന്റെ നേട്ടങ്ങളാണ്. കോഴിക്കോട് ജില്ലാ അമച്ച്വര്‍ അത്ലറ്റിക് അസോസിയേഷനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കൂത്താളിയില്‍ വര്‍ഷംതോറും നടത്തിയ റൂറല്‍ സ്പോര്‍ട്സ് മേളകള്‍ തന്നെ ഉദാഹരണങ്ങള്‍. പി.വി.കെ.നമ്പ്യാര്‍, കെ.ഒ.ബാലകൃഷ്ണന്, വി.വി.അപ്പനായര്‍, ദാമു കൂത്താളി, കല്ലാട്ട് നാരായണന് തുടങ്ങിയവരുടെ സേവനങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതാണ്. അതേ കാലത്തു തന്നെ പി.ബാലചന്ദ്രന് മാസ്റ്ററുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന “ഇന്റലിജന്‍ഷ്യ” സാംസ്കാരികരംഗത്ത് ഉള്‍ക്കാഴ്ചയുള്ള പരിവര്‍ത്തനങ്ങള്‍ വരുത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത “ഖൊരാനാക്വിസ് ക്ളബ്” ആ തരത്തിലുള്ളതില്‍ ആദ്യത്തേതാണ്. കഥകളിയും, കവിയരങ്ങും ഒരേ പോലെ നടത്തിയ “ഇന്റലിജന്‍ഷ്യ” യുവാക്കളെ സംഘടിപ്പിക്കുന്നതിലും കര്മ്മപഥങ്ങളിലേക്കു തിരിച്ചുവിടുന്നതിലും വായന പ്രചരിപ്പിക്കുന്നതിലും ഗണ്യമായ സംഭാവനകള്‍ നല്കുകയുണ്ടായി. വോളിബോളില്‍ ജില്ലയിലെ മികച്ച കളിക്കാരെ സംഭാവന ചെയ്യാന്‍ കൂത്താളിക്കു കഴിഞ്ഞിട്ടുണ്ട്. ഒരു ലഹരി പോലെ വോളിബോളിനെ കൂത്താളിക്കാര് നെഞ്ചേറ്റി.